Saturday, April 18, 2009

ചെരുപ്പിന്‌ പറയാനുള്ളത്‌


സീന്‍ ഒന്ന്‌ (ലൊക്കേഷന്‍ ഇറാഖിലെ പ്രസ്‌ കോണ്‍ഫറന്‍സ്‌)
താരങ്ങള്‍ - അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌, മുന്ദാസര്‍ അല്‍ സയ്‌ദിയു& ചെരിപ്പും
അമേരിക്ക നടത്തിയ അധിനിവേശത്തില്‍ എരിഞ്ഞടങ്ങിയത്‌ ആയിരങ്ങളുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഒന്നടങ്കം വിസ്‌മയഭരിതരാക്കിക്കൊണ്ട്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിക്കാന്‍ മുന്ദാസര്‍ അല്‍ സയ്‌ദിയു എന്ന ഇറാഖി മാധ്യമപ്രവര്‍ത്തകന്‌ കഴിഞ്ഞു.ഒപ്പം ഒരായിരം ഇറാഖികളുടെ വീരപുരുഷനായും അദ്ദേഹം വാഴ്‌ത്തപ്പെട്ടു. അദ്ദേഹം ചെയ്‌തത്‌ ഇത്രമാത്രം... തങ്ങളെ ദുരിതക്കയത്തില്‍ ആഴ്‌ത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ ചെരിപ്പ്‌കൊണ്ട്‌ എറിഞ്ഞു.ക്രിമിനല്‍ അല്ലാത്തതിനാല്‍ മൂന്നില്‍ നിന്ന്‌ ഒരുവര്‍ഷമായി ശിക്ഷ ഇളവുലഭിച്ചു.15 വര്‍ഷം വരെ ലഭിക്കാമായിരുന്നു.
സീന്‍ രണ്ട്‌ (ചൈന)
താരങ്ങള്‍ - ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ജിയാവോ & ചെരിപ്പും
അഭിനയിക്കാന്‍ ചെരിപ്പും അതേറ്റു വാങ്ങാന്‍ ചൈനീസ്‌ പ്രധാനമന്ത്രിയും തയ്യാര്‍. പക്ഷേകണ്ടു നില്‍ക്കുന്നവര്‍ക്ക്‌ എന്തോ ഒരു വല്ലായ്‌ക...
സീന്‍ മൂന്ന്‌ (ഡല്‍ഹി, ഇന്ത്യ) തിയതി 7-4-09
താരങ്ങള്‍ - ആഭ്യന്തര മന്ത്രി പി.ചിദംബരം, ജര്‍ണയില്‍ സിംഗ്‌ & ചെരുപ്പ്‌
1984 ലെ സിഖ്‌ വിരുധകലാപത്തില്‍ ജയിലിലായിരുന്ന ജഗദീശ്‌ ടൈറ്റലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേദിച്ച്‌ ജര്‍ണയില്‍ സിംഗ്‌ പത്ര സമ്മേളനത്തിനിടയില്‍ പി.ചിദംബരത്തിനെ ഷൂ(ചെരുപ്പ്‌ എന്ന്‌ ഈയുള്ളവന്‍ പറഞ്ഞാല്‍ തെറ്റുണ്ടോ) കൊണ്ട്‌ എറിഞ്ഞു.സിഖ്‌ വിരുദ്ധ കലാപ കാലത്തു വിവേചനത്തിനും ഭീക്ഷണികള്‍ക്കുമിടയില്‍ ഒളിച്ചു ജീവിച്ച കൗമാരമാണ്‌ ജര്‍ണയ്‌ലിന്റേത്‌. കടുകിട തെറ്റാതെ മതാചാരങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക്‌ ജാഗരന്റെ ലേഖകനായ അദ്ദേഹം.കോണ്‍ഗ്രസ്‌ പത്രസമ്മേളനങ്ങളില്‍ പതിവുകാരനല്ലാത്ത ജര്‍ണയില്‍ സ്ഥിരം റപ്പോര്‍ട്ടര്‍ക്കു പകരക്കാരനായാണ്‌ അന്ന്‌ എത്തിയത്‌. ചിദംബരം ഇടപെട്ടതിനാല്‍ ശിക്ഷലഭിച്ചില്ല എന്നതിലും രസകരം ജര്‍ണയിലിന്‌ യുവ അകാലിദള്‍ 2 ലക്ഷം രൂപ പാരിദോഷികമായി നല്‍കാന്‍ തയ്യാറായി എന്നതാണ്‌.ഷൂ ലേലം ചെയ്യാനും അവര്‍ പ്ലാനിട്ടു.
സീന്‍ നാല്‌ (കുരുക്ഷേത്ര, ഇന്ത്യ)
താരങ്ങള്‍ - കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നവീന്‍ ജിന്‍ഡാല്‍ & ചെരുപ്പ്‌
രംഗം ചെരുപ്പ്‌ തന്നെ
സീന്‍ അഞ്ച്‌ തിയതി 16-4-09
താരങ്ങള്‍ - എല്‍.കെ അഡ്വാനി, പവാസ്‌ അഗര്‍വാള്‍ & തടികൊണ്ടുള്ള ചെരുപ്പ്‌
കട്‌ലി ജില്ലാ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ടതില്‍ നിരാശനായ പവാസ്‌ അഡ്വാനിയെ തടികൊണ്ടുള്ള ചെരുപ്പിന്‌ എറിഞ്ഞു
സംഗതി ഇതോന്നും അല്ല പാവം ചെരുപ്പിന്റെ ഗതികേട്‌ ... അല്ലാണ്ടെന്തുപറയാന്‍. മണ്ണിനോളം താഴ്‌ന്ന്‌ ജീവിക്കുന്ന, മനുഷ്യന്റെ ചവിട്ടേറ്റ്‌ ഇല്ലാതായിതീരുന്ന ഈ വംശത്തിന്‌ പ്രമുഖര്‍ എന്ന്‌ വാഴ്‌ത്തപ്പെടുന്ന രാഷ്ട്രീയക്കാരുടെ മുഖത്തിനടുത്തെത്താന്‍ സാധിച്ചത്‌ വലികാര്യമായി കരുതാമോ..? അല്ലാതെന്തു പറയാന്‍ ചെരുപ്പിന്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയായി ഇതിനെ കരുതണം(എല്ലാ കാര്യങ്ങളിലും പ്രശസ്‌തിപത്രവും പാരിതോഷികവും നല്‍കുന്ന ലോകമല്ലേ ഇത്‌) മാധ്യമങ്ങളും ജനങ്ങളില്‍ ഭൂരിവിഭാഗവും 'നീചം','ഹീനം' തുടങ്ങിയ മനോഹര ഭാഷയില്‍ പൊതിഞ്ഞ്‌ ഈ പ്രവര്‍ത്തിയെ അപഹസിക്കുമ്പോള്‍ ഈ മര്‍ദ്ധിതര്‍ അനുഭവിച്ച ദുരിതങ്ങളില്‍ ഞാനായിരുന്നെങ്കില്‍ എന്ന്‌ ഒരു വേള ചിന്തിക്കണം.
പ്രതിക്ഷേധം അറിയിക്കേണ്ടത്‌ ഇത്തരത്തിലാണോ എന്നാണ്‌ ചോദ്യ മെങ്കില്‍ സോദരേ...മറ്റൊരു വഴി ഉപദേശിക്കാന്‍ നിങ്ങള്‍ക്ക്‌ അധികാരം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിഷ്‌ പക്ഷരായിരിക്കണം എന്നാണ്‌ നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ എനിക്കോ... വായിക്കാന്‍ നിങ്ങള്‍ക്കോ... അഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്കോ അവസരം ലഭിക്കില്ലായിരുന്നു. നിഷ്‌പക്ഷരായിരിക്കണം 'ലോകാസമസ്‌തോ സുഖിനോഭവന്തു' എന്ന ആദര്‍ശത്തിലാണ്‌ ഇന്ന്‌ നാം ജീവിക്കുന്നതെങ്കില്‍. അല്ലാത്ത കാലത്തോളം മര്‍ദ്ധിതര്‍ മര്‍ദ്ധകന്റെ നേരെ ഏതു മുഖേനയും പ്രതികരിക്കും... ഒരു പക്ഷേ ഇതിലും 'ഹീനവും', 'നീചവും' ആയിരിക്കും അത്‌...
അധികാര വര്‍ഗമേ...
നിന്‍ സിംഹാസനത്തിന്‍ ചുവടടിയിലെ...
ജനം ഇതാ... പ്രതികരിക്കുന്നു....
ഇന്ന്‌ പാദരക്ഷ... നാളെ...
പ്രവചിക്കാന്‍ ഞാന്‍ ആളല്ലല്ലോ...?

1 comment:

  1. ജനാധിപത്യത്തിന്റെ നാലാം തൂണിനെക്കാളും ശക്തമാണ് ഒരു ഷൂഎന്നാണ് പുതിയ സിദ്ധാന്തം :D

    ഈ വിഷയത്തില്‍ ഇവിടെ ഒരു പോസ്റ്റ് ഉണ്ട് .. ഒന്നു നോക്കൂ.

    ReplyDelete