Sunday, April 19, 2009

ബാറ്റും ബോളും ...


അല്‍പം പിന്നോട്ട്‌നടക്കാന്‍ നിങ്ങള്‍ക്ക്‌ താത്‌പര്യം ഉണ്ടെങ്കില്‍, ...
എന്റെ കൂടെ പോരാന്‍ എതിര്‍പ്പോ, ...
പോരുന്നത്‌ സമനയനഷ്ടത്തിനാണ്‌ എന്ന്‌ ചിന്തിക്കുകയോ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ പറന്നകലാന്‍ സ്വാതന്ത്ര്യം ഉണ്ട്‌ ...
ഒരിക്കലും ഞാന്‍ നിങ്ങളെ എന്റെ സ്വാര്‍ത്ഥ താതപര്യത്തിനായി പിടിച്ചു നിര്‍ത്തില്ല.
നിങ്ങള്‍ തയ്യാറായി എന്നു ഞാന്‍ വിശ്വസിക്കട്ടെ ...
വര്‍ഷം 1994 സ്ഥലം കണ്ണൂര്‍ ജില്ലയിലെ ആലക്കോട്‌ എന്ന കൊച്ച്‌ ഗ്രാമം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരുവിതാംകൂറില്‍നിന്നും കോട്ടയത്തുനിന്നും സമ്പാദ്യം എന്ന ലക്ഷ്യത്തോടെ പെണ്ണും പിടക്കോഴിയുമായി പുറപ്പെട്ട ഒരു പറ്റം കുടിയേറ്റക്കാര്‍ തിങ്ങി നിവസിക്കുന്നതാണ്‌ ഈ ഗ്രാമം. (ആഗണത്തില്‍ പെട്ട പിന്‍മുറക്കാരനാണ്‌ ഈ ബ്ലോഗില്‍ കുത്തിക്കുറിക്കുന്നത്‌).

നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത്‌ വയസുകാരന്‌ ബാറ്റ്‌ എന്താണെന്നോ ബോള്‍ ... പോട്ടെ ക്രിക്കറ്റ്‌ തന്നെ എന്താണെന്നോ അറിയാത്ത സമയം. കൂട്ടുകാരില്‍ അതിബുദ്ധിമാന്‍ മാരായവരില്‍ ചിലര്‍ ഒരു പന്തും നീളന്‍ മരക്കഷ്‌ണവും എടുത്ത്‌ അവരുടെ കഴിവ്‌ തെളിയിക്കാന്‍ തുടങ്ങി സംഗതികണ്ട്‌ രസം തലയ്‌ക്കു പിടിച്ച ഒമ്പതു വയസുകാരനും ഒരുകൈ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ക്രിക്കറ്റ്‌ എന്ന ലോകത്തെ അവന്റെ അറിവില്ലായ്‌മ വെളിപ്പെട്ട ദിനമായിരുന്നു അന്ന്‌ ഫീല്‍ഡര്‍ എന്ന 'കളിയറിയാത്തവന്‍' എറിഞ്ഞുകൊടുത്ത പന്ത്‌ അതിബുദ്ധിമാനായ ഒമ്പതു വയസുകാരന്‍ വീണ്ടും ബാറ്റുകൊണ്ട്‌ പ്രഹരിച്ച ശേഷം റണ്‍സിനായി ഓടി ... ഇന്നു വരെ ക്രിക്കറ്റിന്റെ ചക്രവര്‍ത്തിമാര്‍ എഴുതിചേര്‍ക്കാത്ത ഷോട്ടായിരുന്നു അത്‌. എന്തു ചെയ്യാം 'അട്ടക്ക്‌ കണ്ണും കുതിരയ്‌ക്ക്‌ കൊമ്പും കൊടുക്കില്ല' എന്ന പഴമൊഴി അന്ന്‌ പ്രാവര്‍ത്തികമായി. പിന്നീട്‌ താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുബോള്‍ അവന്‍ കാഴ്‌ചക്കാരന്റെ റോള്‍ ഭംഗിയായി അഭിനയിച്ചു.

ഇന്ന്‌ കലം മാറി .... 'അമ്മ' എന്ന്‌ പറയാന്‍ പ്രാപ്‌തരായ എല്ലാ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ തന്നെ ബാറ്റും ബോളും നല്‍കി അവരെ സച്ചിനും സേവാഗും അക്കാനുള്ള തന്ത്രപ്പാടിലാണ്‌.('നാടോടുമ്പോള്‍ നടുവേ ഓടണ്ടേ' ...? അച്ഛനമ്മമാരാണെങ്കില്‍ ഇങ്ങനെ വേണം)

എന്നാല്‍ ഇതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ സംഭവവികാസമാണ്‌ ഇന്ന്‌ ഇന്ത്യാ മഹാരാജ്യത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്‌. സംഗതി മറ്റൊന്നുമല്ല 'ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌' എന്ന ഓമനക്കുട്ടന്‍ തന്നെയാണ്‌ ..... ഇപ്പോള്‍ ഐ.പി.എല്ലിന്റെ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ ആരവം ഉയര്‍ത്തികൊണ്ടിരിക്കുകയാണല്ലോ.... (ഏപ്രില്‍ 18 മുതല്‍ മെയ്‌ 24 വരെ)ഐ.പി.എല്‍ എന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന്‌ 2008 ല്‍ തിരിതെളിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നു എന്ന ആമുഖം ഉപയോഗിച്ചുവെങ്കിലും തീര്‍ത്തും സ്വാര്‍ത്ഥ താത്‌പര്യത്തിനായി രൂപം നല്‍കിയ ഒന്നായിരുന്നു അത്‌ എന്നതാണ്‌ വാസ്‌തവം. കാരണം മറ്റൊന്നും അല്ല. 'ഐ.സി.എല്‍' എന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിന്റെ മോഷ്‌ണമായിരുന്നു അത്‌. 1983 - ലേകകപ്പ്‌ ക്രക്കറ്റില്‍ 'ഇന്ത്യന്‍ ചെകുത്താന്‍' മാരെ നയിച്ച കപില്‍ ദേവിന്റെ ഈ പ്രസ്ഥാനത്തെ തച്ചുടച്ചാണ്‌ ഈ 'അന്താരാഷ്ട്ര അംഗീകാര' മോഷ്ടാവിന്റെ രംഗപ്രവേശം. അന്താരാഷ്ട്ര അംഗീകാരമില്ല എന്ന കാരണം ഉയര്‍ത്തിക്കാട്ടി പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കി ഐ.സി.എല്ലിനെ പടിയടച്ച്‌ പിണ്ഡം വച്ച അവര്‍ മാധ്യമങ്ങളെയും തങ്ങളുടെ കൈപിടിയില്‍ ഒതുക്കി.( ഐ.പി.എല്ലിന്‌ ചിലവിടുന്ന സ്ഥലത്തിന്റെ പത്തില്‍ ഒന്നുപോലും ഐ.സി.എല്ല്‌ വാര്‍ത്തകള്‍ക്കു വേണ്ടി ഏതെങ്കിലും പത്രം ചിലവിടുന്നുണ്ടോ...? )
ഐ.സി.എല്‍ കളിക്കുന്നവര്‍ക്ക്‌ എന്തുകൊണ്ട്‌ രാജ്യാന്തര മത്സരത്തിനുള്ള അനുമതിനിഷേധിക്കുന്നു...? അവരും കളിക്കാന്‍ ഉപയോഗിക്കുന്നത്‌ ബാറ്റും ബോളും തന്നെയല്ലേ ...? സൂപ്പര്‍താരങ്ങളുടെ അഭാവത്തിന്‌ പ്രധാനകാരണം ഇത്തരം കുടില തന്ത്രങ്ങള്‍ നിറഞ്ഞ നിയമാവലി മൂലമാണ്‌ ... ഇതൊക്കെയാണ്‌ ഈയെളിയവന്‍ ഐ.പി.എല്‍ പണം ഉണ്ടാക്കാനുളള ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും പുതിയ തന്ത്രമാണെന്ന്‌ പറയാന്‍ കാരണം.
ഇത്‌ നിങ്ങളുടെ വീക്ഷണങ്ങള്‍ക്ക്‌ വിരുധമാണെങ്കില്‍ .. ക്ഷമചോദിക്കുന്നു ...
ഒപ്പം നിങ്ങളുടെ വീക്ഷണങ്ങളെ വിലമതിക്കകയും ചെയ്‌തുകൊണ്ട്‌ ...
വീണ്ടും സന്ധിക്കാം എന്ന പ്രതീക്ഷയോടെ ... വിട ...

Saturday, April 18, 2009

ചെരുപ്പിന്‌ പറയാനുള്ളത്‌


സീന്‍ ഒന്ന്‌ (ലൊക്കേഷന്‍ ഇറാഖിലെ പ്രസ്‌ കോണ്‍ഫറന്‍സ്‌)
താരങ്ങള്‍ - അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌, മുന്ദാസര്‍ അല്‍ സയ്‌ദിയു& ചെരിപ്പും
അമേരിക്ക നടത്തിയ അധിനിവേശത്തില്‍ എരിഞ്ഞടങ്ങിയത്‌ ആയിരങ്ങളുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഒന്നടങ്കം വിസ്‌മയഭരിതരാക്കിക്കൊണ്ട്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിക്കാന്‍ മുന്ദാസര്‍ അല്‍ സയ്‌ദിയു എന്ന ഇറാഖി മാധ്യമപ്രവര്‍ത്തകന്‌ കഴിഞ്ഞു.ഒപ്പം ഒരായിരം ഇറാഖികളുടെ വീരപുരുഷനായും അദ്ദേഹം വാഴ്‌ത്തപ്പെട്ടു. അദ്ദേഹം ചെയ്‌തത്‌ ഇത്രമാത്രം... തങ്ങളെ ദുരിതക്കയത്തില്‍ ആഴ്‌ത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ ചെരിപ്പ്‌കൊണ്ട്‌ എറിഞ്ഞു.ക്രിമിനല്‍ അല്ലാത്തതിനാല്‍ മൂന്നില്‍ നിന്ന്‌ ഒരുവര്‍ഷമായി ശിക്ഷ ഇളവുലഭിച്ചു.15 വര്‍ഷം വരെ ലഭിക്കാമായിരുന്നു.
സീന്‍ രണ്ട്‌ (ചൈന)
താരങ്ങള്‍ - ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ജിയാവോ & ചെരിപ്പും
അഭിനയിക്കാന്‍ ചെരിപ്പും അതേറ്റു വാങ്ങാന്‍ ചൈനീസ്‌ പ്രധാനമന്ത്രിയും തയ്യാര്‍. പക്ഷേകണ്ടു നില്‍ക്കുന്നവര്‍ക്ക്‌ എന്തോ ഒരു വല്ലായ്‌ക...
സീന്‍ മൂന്ന്‌ (ഡല്‍ഹി, ഇന്ത്യ) തിയതി 7-4-09
താരങ്ങള്‍ - ആഭ്യന്തര മന്ത്രി പി.ചിദംബരം, ജര്‍ണയില്‍ സിംഗ്‌ & ചെരുപ്പ്‌
1984 ലെ സിഖ്‌ വിരുധകലാപത്തില്‍ ജയിലിലായിരുന്ന ജഗദീശ്‌ ടൈറ്റലറെ സി.ബി.ഐ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേദിച്ച്‌ ജര്‍ണയില്‍ സിംഗ്‌ പത്ര സമ്മേളനത്തിനിടയില്‍ പി.ചിദംബരത്തിനെ ഷൂ(ചെരുപ്പ്‌ എന്ന്‌ ഈയുള്ളവന്‍ പറഞ്ഞാല്‍ തെറ്റുണ്ടോ) കൊണ്ട്‌ എറിഞ്ഞു.സിഖ്‌ വിരുദ്ധ കലാപ കാലത്തു വിവേചനത്തിനും ഭീക്ഷണികള്‍ക്കുമിടയില്‍ ഒളിച്ചു ജീവിച്ച കൗമാരമാണ്‌ ജര്‍ണയ്‌ലിന്റേത്‌. കടുകിട തെറ്റാതെ മതാചാരങ്ങള്‍ അനുഷ്‌ഠിച്ചിരുന്നു പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക്‌ ജാഗരന്റെ ലേഖകനായ അദ്ദേഹം.കോണ്‍ഗ്രസ്‌ പത്രസമ്മേളനങ്ങളില്‍ പതിവുകാരനല്ലാത്ത ജര്‍ണയില്‍ സ്ഥിരം റപ്പോര്‍ട്ടര്‍ക്കു പകരക്കാരനായാണ്‌ അന്ന്‌ എത്തിയത്‌. ചിദംബരം ഇടപെട്ടതിനാല്‍ ശിക്ഷലഭിച്ചില്ല എന്നതിലും രസകരം ജര്‍ണയിലിന്‌ യുവ അകാലിദള്‍ 2 ലക്ഷം രൂപ പാരിദോഷികമായി നല്‍കാന്‍ തയ്യാറായി എന്നതാണ്‌.ഷൂ ലേലം ചെയ്യാനും അവര്‍ പ്ലാനിട്ടു.
സീന്‍ നാല്‌ (കുരുക്ഷേത്ര, ഇന്ത്യ)
താരങ്ങള്‍ - കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നവീന്‍ ജിന്‍ഡാല്‍ & ചെരുപ്പ്‌
രംഗം ചെരുപ്പ്‌ തന്നെ
സീന്‍ അഞ്ച്‌ തിയതി 16-4-09
താരങ്ങള്‍ - എല്‍.കെ അഡ്വാനി, പവാസ്‌ അഗര്‍വാള്‍ & തടികൊണ്ടുള്ള ചെരുപ്പ്‌
കട്‌ലി ജില്ലാ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ടതില്‍ നിരാശനായ പവാസ്‌ അഡ്വാനിയെ തടികൊണ്ടുള്ള ചെരുപ്പിന്‌ എറിഞ്ഞു
സംഗതി ഇതോന്നും അല്ല പാവം ചെരുപ്പിന്റെ ഗതികേട്‌ ... അല്ലാണ്ടെന്തുപറയാന്‍. മണ്ണിനോളം താഴ്‌ന്ന്‌ ജീവിക്കുന്ന, മനുഷ്യന്റെ ചവിട്ടേറ്റ്‌ ഇല്ലാതായിതീരുന്ന ഈ വംശത്തിന്‌ പ്രമുഖര്‍ എന്ന്‌ വാഴ്‌ത്തപ്പെടുന്ന രാഷ്ട്രീയക്കാരുടെ മുഖത്തിനടുത്തെത്താന്‍ സാധിച്ചത്‌ വലികാര്യമായി കരുതാമോ..? അല്ലാതെന്തു പറയാന്‍ ചെരുപ്പിന്‌ ലഭിക്കുന്ന പരമോന്നത ബഹുമതിയായി ഇതിനെ കരുതണം(എല്ലാ കാര്യങ്ങളിലും പ്രശസ്‌തിപത്രവും പാരിതോഷികവും നല്‍കുന്ന ലോകമല്ലേ ഇത്‌) മാധ്യമങ്ങളും ജനങ്ങളില്‍ ഭൂരിവിഭാഗവും 'നീചം','ഹീനം' തുടങ്ങിയ മനോഹര ഭാഷയില്‍ പൊതിഞ്ഞ്‌ ഈ പ്രവര്‍ത്തിയെ അപഹസിക്കുമ്പോള്‍ ഈ മര്‍ദ്ധിതര്‍ അനുഭവിച്ച ദുരിതങ്ങളില്‍ ഞാനായിരുന്നെങ്കില്‍ എന്ന്‌ ഒരു വേള ചിന്തിക്കണം.
പ്രതിക്ഷേധം അറിയിക്കേണ്ടത്‌ ഇത്തരത്തിലാണോ എന്നാണ്‌ ചോദ്യ മെങ്കില്‍ സോദരേ...മറ്റൊരു വഴി ഉപദേശിക്കാന്‍ നിങ്ങള്‍ക്ക്‌ അധികാരം നല്‍കുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിഷ്‌ പക്ഷരായിരിക്കണം എന്നാണ്‌ നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ ബ്ലോഗ്‌ എഴുതാന്‍ എനിക്കോ... വായിക്കാന്‍ നിങ്ങള്‍ക്കോ... അഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്കോ അവസരം ലഭിക്കില്ലായിരുന്നു. നിഷ്‌പക്ഷരായിരിക്കണം 'ലോകാസമസ്‌തോ സുഖിനോഭവന്തു' എന്ന ആദര്‍ശത്തിലാണ്‌ ഇന്ന്‌ നാം ജീവിക്കുന്നതെങ്കില്‍. അല്ലാത്ത കാലത്തോളം മര്‍ദ്ധിതര്‍ മര്‍ദ്ധകന്റെ നേരെ ഏതു മുഖേനയും പ്രതികരിക്കും... ഒരു പക്ഷേ ഇതിലും 'ഹീനവും', 'നീചവും' ആയിരിക്കും അത്‌...
അധികാര വര്‍ഗമേ...
നിന്‍ സിംഹാസനത്തിന്‍ ചുവടടിയിലെ...
ജനം ഇതാ... പ്രതികരിക്കുന്നു....
ഇന്ന്‌ പാദരക്ഷ... നാളെ...
പ്രവചിക്കാന്‍ ഞാന്‍ ആളല്ലല്ലോ...?

Thursday, April 16, 2009

തണല്‍ മരം


വിങ്ങുന്ന മനസിനെ സുഖപ്പെടുത്തുന്ന നിന്റെ സാനിധ്യത്തിനായി ഞാന്‍ കൊതിക്കുന്നു.എന്നാല്‍ യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കാന്‍ നമുക്കാവില്ലല്ലോ...? ഒരിക്കല്‍ കടന്നു പോയ ഇട വഴികളില്‍കൂടെ വീണ്ടും സഞ്ചരിക്കാനോ കാണാമറയത്തിരിക്കുന്നവരെ ഒരിക്കല്‍ക്കുടെ സന്ധിക്കനോ നമുക്കുകഴിയില്ല എന്ന്‌ ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കാം. നമ്മള്‍ ഒന്നിച്ച്‌ചിലവിട്ട മനോഹരനിമിഷങ്ങളെ ഭാവനയുടെ ചായത്തില്‍ മുക്കിയുണക്കി വയ്‌ക്കാന്‍, ഏകാന്തനിമിഷങ്ങളില്‍ അതോര്‍ത്തുല്ലസിക്കാല്‍ എനിക്കാവുമല്ലോ...? എല്ലാവരും നിന്റെ സാമീപൃത്തിനായി കോതിക്കുന്നത്‌ എന്തിനാണെന്ന്‌ ഇന്ന്‌ എനിക്കു മനസ്സിലായി. നിന്നോടൊത്ത്‌... നിന്റെ ചൂടേറ്റ്‌ ഒരേ കിടക്കയില്‍ കിടന്നാലും മനസ്സിന്റെ പിടി അയയില്ല എന്ന്‌ നിന്നോട്‌തന്നെ ഒരു പെണ്ണ്‌ പറയണമെങ്കില്‍ നീ എത്രമാത്രം വലിയവ്‌ന്‍ ആണെന്ന്‌ എനിക്കുമനസിനാകുന്നു.(എന്നോടാണെങ്കില്‍ അവള്‍ അടുത്ത മുറിയില്‍ പോലും കിടക്കാന്‍ തയ്യാറാണെന്ന്‌ പറയില്ല. അത്രയ്‌ക്ക്‌ സ്‌ദ്‌ഗുണ സമ്പന്നനാണ്‌ ഞാന്‍ എന്നതു തന്നെ) എന്നെ തഴുകുന്ന മന്ദമാരുതനിലും പാദത്തെ പുല്‍കി കടന്നു പോകുന്ന തിരയിലും നിന്റെ സാമീപ്യത്തെ ഞാന്‍ ദര്‍ശിക്കട്ടേ...? കാരണം ഒരിക്കല്‍ നിന്റെ കാലടികള്‍ പതിഞ്ഞ മണ്ണിലാണല്ലോ ഇന്നു ഞാന്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുക്കുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ നീ ഈ പട്ടണത്തില്‍ കാലുകുത്തിയതും ആര്‍ത്തലച്ച്‌ പെയ്യുന്ന മഴയില്‍ ലക്ഷ്യമില്ലാതെ കാലുകള്‍ നീട്ടിചവിട്ടിയതും നിന്‍ നാവിന്‍ തുമ്പില്‍ നിന്ന്‌ കേട്ടപ്പോള്‍ ഒരിക്കല്‍ ഞാനും ഈ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും എന്നു ഞാന്‍ കരുതിയിരുന്നില്ല. ഇന്നു ഞാന്‍ ഭ്രാന്തമായി ഈ അക്ഷരത്തിന്റെ ഈറ്റില്ലനഗരിയില്‍ നിന്റെ കാലടികളെ തിരയുന്നു 'ആല്‍ക്കമെസ്റ്റില്‍' പറയുന്നതുപോലെ ആകസ്‌മികമായി ഒന്നും സംഭവിക്കുന്നില്ല. എല്ലാം ദൈവനിശ്ചയം....എന്നതാണല്ലോ യാഥാര്‍ത്ഥ്യം... ഇപ്പോള്‍ നിങ്ങള്‍ ഈയുള്ളവന്റെ ലളിതമായ കുത്തിക്കുറിക്കലിലൂടെ കണ്ണോടിച്ചതുമെല്ലാം.... എല്ലാം.....എല്ലാം.......

അക്ഷരത്തെറ്റ്‌


പ്രീയപ്പെട്ട സോദരാ..ഇത്‌ എന്റെ ആദ്യ പോസ്‌റ്റ്‌ എന്നു പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ നിങ്ങള്‍ കാണുന്ന ആദ്യത്തെയായിരിക്കും ഇത്‌, പക്ഷേ ഞാന്‍ രണ്ടാം പ്രാവശ്യമാണ്‌ ഈ പോസ്‌റ്റ്‌ നടത്തുന്നത്‌. ബ്ലോഗിന്റെ ലോകത്തേക്ക്‌ പിച്ചവച്ച എന്റെ കാല്‍ അറിവില്ലായ്‌മയെന്ന കടമ്പയില്‍തട്ടി വീണു.എന്നാണെന്നോ മാര്‍ച്ച്‌ 23 ന്‌. അന്നാണ്‌ ഈയുള്ളവന്‍ ആദ്യ പോസ്‌റ്റ്‌ നടത്തി പരാജിതനായി കൂടാരം കയറിയത്‌. അന്ന്‌ നിര്‍ത്തിയിടത്തു നിന്ന്‌ ഞാന്‍ വീണ്ടും തുടങ്ങട്ടേ.... നിങ്ങള്‍ തയ്യാറാണെങ്കില്‍ നമുക്കൊരു യാത്ര പുറപ്പെട്ടാലോ..? എന്റെ ജീവിതമാകുന്ന യാത്രയ്‌ക്ക്‌.....?സൂര്യന്‍ അസ്‌തമിക്കാറായി എങ്ങും ഇരുള്‍ പരക്കുന്നു.(പഠനം പൂര്‍ത്തിയാക്കുന്നതിനും മുമ്പ്‌) അത്ഭുതമെന്നു പറയട്ടെ ഞാന്‍ ഇന്ന്‌ ഒരു പത്ര സ്ഥാപനത്തിന്റെ ഭാഗമായിതീര്‍ന്നിരിക്കുന്നു. എങ്ങനെയെന്നോ...? പുറമേനിന്ന്‌ നോക്കുന്നവര്‍ക്ക്‌ ഇതോരു ബാലികേറാമലയാണെങ്കിലും അത്രഭീകരമൊന്നുമല്ല ഇതില്‍ കയറി പറ്റുക എന്നത്‌. എന്നാല്‍ ഇന്ന്‌ എന്നെ അലട്ടുന്നത്‌ ഇതോന്നും അല്ല. ഇരുട്ടിന്റെ ഒരു നനുത്ത സ്‌പര്‍ശം എന്റെ കവിളിലൂടെ അരിച്ചിറങ്ങുന്ന അനുഭവം എന്നില്‍ ഭയത്തിന്റെ വിത്തുപാകുന്നു. ഒറ്റയ്‌ക്കു നടന്ന്‌ എനിക്കുപരിചയമില്ല. ഇന്നലെ വരെ എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇന്നു ഞാന്‍ വിഖ്യാദമായ നഗരത്തില്‍ ഒറ്റയ്‌ക്കാണ്‌. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയാണ്‌ ഇന്ന്‌ ഞാന്‍ അനുഭവിക്കുന്നത്‌. തഴച്ചുവളരുന്ന ചെടിയെ പറിച്ചുനടുമ്പോള്‍ അവയ്‌ക്കുണ്ടാകുന്ന വിഷമം ഇന്നു ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ ഈ വിഷമങ്ങളെല്ലാം ആരോടു പറയും?. ഞാന്‍ ഈ ബ്ലോഗില്‍ എഴുതി എന്ന ആശ്വാസമെങ്കിലും ഉണ്ട്‌. എന്നാല്‍ മിണ്ടാ പ്രാണികളായ സസ്യമൃഗാദികളുടെ ദുഖം ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ കാഞ്ഞവെയിലത്ത്‌ വെന്തുരുകുന്ന അവരുടെ പിടച്ചില്‍... അതുതന്നെയാണ്‌ ഇന്ന്‌ എനിക്കും ഉള്ളത്‌. ഇടുങ്ങിയ കുളിമുറിക്കുള്ളില്‍ വിങ്ങിപ്പൊട്ടുന്ന മനസിന്‌ ആശ്വാസത്തിനായി ഞാന്‍ കണ്ണീരൊഴുക്കുബോള്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഓഫീസിലേക്ക്‌ പോകാനുള്ള തിരക്കിലായിരുന്നു.വീട്ടിലേക്കുള്ള വഴിയറിയാത്ത നഴ്‌സറിക്കുട്ടി കോരിച്ചൊരിയുന്ന മഴയത്ത്‌ പേടിച്ചരണ്ട്‌ നാല്‍ക്കവലയില്‍ നില്‍ക്കുന്നതു പോലെയാണ്‌ ഇന്നു ഞാന്‍ നില്‍ക്കുന്നത്‌. പറയാന്‍ വിട്ടുപോയി ഞങ്ങള്‍ താമസിക്കുന്നത്‌ ഒരു ഭാര്‍ഗവീനിലയത്തിലാണ്‌. പേരിട്ടതും ഈ എളിയവന്‍ തന്നെയാണ്‌. കാരണം എന്തെന്നോ മുറികളില്‍ എങ്ങും ഇരുട്ടാണ്‌ തൊട്ട്‌ അടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ സാധിക്കില്ല. ഞങ്ങള്‍ താമസിക്കുന്ന നഗരം പോലെ തന്നെ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കം ഉണ്ടതിന്‌. പണം മുടക്കാതെ തലചായ്‌ക്കുമ്പോള്‍ കുറ്റം പറയരുത്‌്‌ എന്നാണല്ലോ പ്രമാണം.( ദാനം കിട്ടുന്ന പശുവിന്റെ പല്ല്‌ എണ്ണരുത്‌) എന്തു ചെയ്യാം ഞാന്‍ ഇങ്ങനെയൊക്കെയാണ്‌. അതാണ്‌ അതിന്റെ ഒരു സെറ്റപ്പ്‌. ഞാന്‍ താങ്കളെ ബോറടിപ്പിച്ചുവല്ലേ....? പറയാന്‍ തുടങ്ങിയാല്‍ ഞാന്‍ ഇങ്ങനെയാണ്‌. നിങ്ങളുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ അപഹരിച്ചതിന്‌ മാപ്പ്‌..... എങ്കിലും വീണ്ടും വരും എന്ന പ്രതീക്ഷയോടെ...... വരട്ടെ.....