Wednesday, November 4, 2009

കഥക്കൂട്ടം - 2

ഇനിയങ്ങോട്ടുള്ള പോസ്‌റ്റുകളെല്ലാം രംഗം തിരിച്ചുള്ള എന്റെ വികൃതികളാണ്‌. അങ്ങലെയുള്ള ഒരു പിടി കഥകളുടെ നായകന്റെ പേര്‌ ഷൈനെന്നാണ്‌്‌. ഷൈന്‍ എന്ന പേരിന്‌ അവകാശികളായ എല്ലാ മാന്യ സഹോദരങ്ങളുടെയും പകര്‍പ്പവകാശം ഈ എളിയ അഹങ്കാരിക്ക്‌ നല്‍കുമെന്ന പ്രതീക്ഷയോടെ....

ഈ കഥകളില്‍ എന്നും മാറ്റ മുള്ളത്‌ നായികാകഥാപാത്രത്തിന്‌്‌ മാത്രമാണ്‌. അത്‌ എന്റെ മാനസിക സുഹത്തിന്‌ ഞാന്‍ സ്വന്തം മാറ്റുന്നതാണ്‌. കഥ കളിലെങ്കിലും ഈ പാവം ഞാനൊന്ന്‌ സുഖിക്കട്ടെടേ...

ഒരു വാക്ക്‌ .....
സിനിമകളില്‍ കണ്ടിട്ടുള്ളതുപോലെ ഒരു വാക്ക്‌ ......
ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല. ഉണ്ടെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികം മാത്രം...! (നോക്കണേ എന്റെ അഹങ്കാരം. കഥയാണെന്ന്‌ സ്വന്തം പറയുന്നു. അതിനുശേഷമോ എരുമ കാട്ടം ഇടുന്നതുപോലെ നാറുന്ന, വായിക്കാനോ പുചിക്കാനോ കൊള്ളാത്ത എന്തൊക്കെയോ വമിപ്പിക്കുന്നു.... ഞാഞ്ഞൂലും തലപൊക്കിത്തുടങ്ങി അല്ലേ......?)

കഥാപാത്രങ്ങള്‍ വെറും രൂപീകൃതമെന്നുപറഞ്ഞ്‌ ഒഴിവാകാന്‍ സാധിക്കുമോയെന്നു ചോദിച്ചാല്‍ മറുപടി നല്‍കാന്‍ എന്റെ ഹൃദയരക്തത്തിന്റെ ചുവപ്പ്‌ നിറത്തിന്‌ മാത്രമേ സാധിക്കു. അതു മനസിലാക്കിയവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലതാനും.

രംഗം രണ്ട്‌


സീന്‍ ഒന്ന്‌

വളരെ ശാന്തമായ ഒരു സ്‌കൂള്‍ മുറ്റം. വരാന്തകളിലൊന്നും ആരുടെയും അനക്കമില്ല. ഓടു മേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നെരയൊത്ത തൂണുകള്‍. എണ്ണാന്‍ കഴിയാത്തയത്ര കുട്ടികളുടെ കണ്ണീരിനും ചിരിക്കു സാക്ഷ്യം വഹിച്ച അവള്‍ളുടെ മേനിയില്‍ പ്രായത്തിന്റേതായ ഞൊറിവുകള്‍ വീണിട്ടുണ്ട്‌. എങ്കിലും ഇന്നും അവള്‍ കുട്ടികളുടെ മുത്തുപൊഴിക്കുന്ന ചിരികള്‍ക്കും മുള ചീന്തുന്ന കണക്കുള്ള തേങ്ങലിനും മൗന സാക്ഷിയാകുന്നു.

നീണ്ട ബെല്ലിന്‌ പിന്നാലെ വെള്ളയും നീലയും അണിഞ്ഞ കുട്ടികള്‍ കൂട്ടമായി വരാന്തയിലേക്ക്‌ ഉന്തിത്തള്ളയിറങ്ങിവരുന്നു. അവരെ കണ്ടാല്‍ പുതുമഴയത്ത്‌ ചിതല്‍പുറ്റില്‍ നിന്ന്‌ പറന്നുയരുന്ന ഈയലുകളാണെന്നു തോന്നും. നമിഷനേരംകൊണ്ട്‌ ചത്തുകിടന്ന വരാന്ത സജീവമായി.

ടീച്ചറേ എന്റെ ചോറ്റുംപാത്രം തുറന്നുതരാമോ....?
സാറെ ഇവന്‍ നീങ്ങിയിരിക്കുന്നില്ല......

തുടങ്ങിയ ഒരായിരം കൊച്ചു ശബ്ദത്തിലുള്ള പരിഭവസ്വരങ്ങള്‍ വലിയ അക്ഷര മുത്തശ്ശിയുടെ മുറ്റത്ത്‌ ഉയര്‍ന്നുകേട്ടുതുടങ്ങി. ചോറു പാത്രത്തോടൊപ്പം കുട്ടികള്‍ അവരുടെ കലപില സ്വരവും തുറന്നു. ആകപ്പാടെ ഉത്സവത്തിന്റെ ലഹരി.

ടാ..... ഷൈനേ ഇങ്ങോട്ടുവാ ജിതിന്‍ തന്റെ ചങ്ങാതിയെ വിളിച്ചു.
അവര്‍ രണ്ടുപേരും അടുത്തടുത്തിരുന്ന്‌ തങ്ങളുടെ ചോറുപാത്രങ്ങള്‍ തുറന്നു.
നീയെല്ലാ ദിവസവും ദോശയും ചപ്പാത്തിയുമാണല്ലോ കൊണ്ടുവരുന്നത്‌. എന്താ നിനക്ക്‌ ചോറിഷ്ടല്ലേ....?
ചോദ്യത്തിന്‌ മറുപടി പറയാതെ ജിതിന്‍ ഒരപ്പം ഷൈന്റെ നേര്‍ക്കുനീട്ടി.
വേണ്ടടാ..... എനിക്ക്‌ ചോറായിഷ്ടം. രാവിലെ മാത്രമേ ഞങ്ങളുടെ വീട്ടില്‍ അപ്പം കഴിക്കുള്ളു. ഇതുപറഞ്ഞത്‌ അല്‌പം ഗമയോടെയാണെങ്കിലും ഷൈന്‍ തന്റെ വീടിനെക്കുറിച്ച്‌ ഓര്‍ത്തു. നേരം പരപരാന്ന്‌ വെളുക്കുമ്പോള്‍ മുതല്‍ ചോറിന്റെ അഭിഷേകമാണ്‌. കാരണമുണ്ട്‌. പലഹാരമുണ്ടാക്കാന്‍ അപ്പന്റെ കീശയില്‍പണമില്ല. അഭിമാനം മാത്രമാണ്‌ കീറക്കീശയില്‍ സ്വന്തമായുള്ളത്‌. അതിന്‌ വേറെ ആരുടെയും സഹായം ആവശ്യമില്ലല്ലോ.....

കുവിചിരിക്കുന്ന ശബ്ദം കേട്ടാണ്‌ അവന്‍ വീട്ടില്‍ നിന്ന്‌ പെട്ടെന്ന്‌ സ്‌കൂളിലേക്ക്‌ തിരിച്ചെത്തിയത്‌. എതിര്‍ നിരയില്‍ ഇരിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും നിറുത്താതെ ചിരിയാണ്‌. ഒരു നിമിഷം അവന്‌ കാര്യം പിടികിട്ടിയില്ല.

ടാ നിന്റെ നിക്കറിന്റെ ബട്ടന്‍സ്‌ ഇട്ടിട്ടില്ല. ജിതിന്‍ ചെവിയില്‍ പറഞ്ഞു. ഒരു നിമിഷം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഒന്നു ചൂളി. ബട്ടന്‍സില്ലാത്ത നിക്കറിന്റെ ബട്ടന്‍സിടാത്തതിനാണ്‌ ഈ കോലാഹലം. ശബ്ദം കേട്ട്‌ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന ജോസ്‌ സാര്‍ രംഗത്തിറങ്ങി.

ആരെടാ ഭക്ഷണം കഴിക്കുന്നിടത്ത്‌ ഒച്ചപ്പാടുണ്ടാക്കുന്നത്‌. അടിച്ച്‌ നിന്റെയൊക്കെ തൊട പൊള്ളിക്കും പറഞ്ഞേക്കാം...
സാറേ ഷൈന്‍ നിക്കറിന്റെ ബട്ടന്‍സിട്ടിട്ടില്ല.

ആരെടാ അത്‌. ഉയരം കുറഞ്ഞ്‌ ഉണ്ടച്ചിരിക്കുന്ന ജിബിന്‍ കൈയുയര്‍ത്തി ഞാനാണ്‌ പറഞ്ഞതെന്ന്‌ സൂചന നല്‍കി.
ഷൈന്‍ തന്റെ അയല്‍ക്കാരനായ ശത്രുവിന്റെ മുഖത്തേക്ക്‌ ദേഷ്യവും സങ്കടവും കലര്‍ന്ന നോട്ടമയച്ചു.
ഹാ....ഹാ.....ചിരിയടക്കാതെ ജോസ്‌ സാര്‍ അല്‍പം ഉച്ചത്തില്‍തന്നെ ഒരു കാച്ചുകാച്ചി.

വരും തലമുറയുടെ വഴികാട്ടിയാണ്ടവനെ കണ്ടിട്ടാണോ പൊണ്‍കുട്ടി കളും നിങ്ങളും ചിരിക്കുന്നത്‌. ഇവനാണ്‌ നിങ്ങള്‍കാത്തിരിക്കുന്ന പ്രവാചകന്‍ ...... എന്ന്‌ നിനക്ക്‌ എണീറ്റുനിന്ന്‌ പറയരുതോ ഷൈനേ....? സാറു പറഞ്ഞതൊന്നും അവനൊ കൂട്ടുകാര്‍ക്കോ മനസിലായില്ല.
അല്‍പം മാറിനിന്നിരുന്ന തങ്കമ്മ ടീച്ചറിന്റെ മുഖത്താണ്‌ ജോസ്‌ സാറിന്റെ കണ്ണുകള്‍. ടീച്ചറിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ നാണമോ എന്തോ ഒരു സാധനം വന്നു.

ഷൈന്‍ കണ്ണുകള്‍ ഉയര്‍ത്തി എതിര്‍നിരയിലേക്ക്‌ കണ്ണുകള്‍ പായിച്ചു. അതെ അവള്‍ അവിടെ ഇരുപ്പുണ്ട്‌. ഷെറിന്‍. ക്ലാസിലെ സുന്ദരി. ബോബുചെയ്‌താണ്‌ അവളുടെ തലമുടി. എപ്പഴും തലമുടിയില്‍ ക്ലിപ്പിടുന്ന ശീലമുള്ള അവളുടെ ചുണ്ടിലും ഉള്ളിപ്പിച്ചുവച്ച എന്തോ ഒന്ന്‌ കണ്ടുപിടിച്ച സന്തോഷത്തോടെയുള്ള ചിരി. താന്‍ മനസില്‍ കൊണ്ടു നടക്കുന്ന പെണ്‍കുട്ടിയും തന്റെ നിസഹായതയില്‍ ചിരിക്കുന്നു. വന്‍ ജനക്കൂട്ടത്തില്‍ തനിച്ചായതുപോലെ അവന്‌ തോന്നി.

സീന്‍ രണ്ട്‌


നാലാം ക്ലാസിന്റെ ഫൈനല്‍ പരീക്ഷകഴിഞ്ഞു. എല്ലാവരും ചേര്‍ന്ന്‌ ക്ലാസ്‌ ഫോട്ടോയെടുക്കാന്‍ കൂട്ടുകാരന്റെ അച്ഛന്‍ വന്നു. സ്‌റ്റുഡിയോയുള്ള അയാളാണ്‌ അവനും ഷെറിനും ഉള്ള ആ ഫോട്ടോ ഫിലിമില്‍ പതിപ്പിച്ചത്‌. അങ്ങനെ നിശബ്ദ പ്രണയത്തില്‍ അയാളും ഒരു കഥാപാത്രമായി. തന്റെ സ്‌കൂളിന്‌ അംഗീകാരമില്ലാത്തതിനാല്‍ വേറൊരു സ്‌കൂളിലാണ്‌ പരീക്ഷ എഴുതിയത്‌ എന്നു മാത്രമേ അവന്‌ അറിയുള്ളു.
മഞ്ഞക്കുഞ്ഞി കലുള്ള ചക്കിപ്പൂച്ചയ്‌ക്ക്‌.....
ചക്കര തിന്നാനുള്ളില്‍ മോഹമുദിച്ചല്ലോ......
ഈ പാട്ടിറങ്ങിയപ്പോഴാണ്‌ നാലിലെ പരീക്ഷയെന്നുമാത്രം അവന്‍ ഓര്‍മിക്കുന്നുണ്ട്‌. സുമിയെന്ന പെണ്‍കുട്ടിയാണ്‌ അതു പാടിയതെന്നും ഷൈന്റെ ഓര്‍മ്മയില്‍ ഇന്നും മായാതെ നില്‍ക്കുന്നു.
അഞ്ചുമുതല്‍ വേറെ സ്‌കൂളുകളിലായി ഷൈനും അവന്‍ മനസില്‍ സൂക്ഷിക്കുന്ന ഷെറിന്‍ എന്ന പെണ്‍കുട്ടിയും.

ഞായറാഴ്‌ചകളില്‍ പള്ളിയില്‍ വച്ചുകാണുമെങ്കിലും അവള്‍ അവനെ തീര്‍ത്തും അവഗണിച്ചു. അവന്റെ മനസ്‌ അവള്‍ വായിക്കാത്തതോ അവന്‍ അവളോട്‌ പറയാതിരുന്നതോ ...... എന്തോ പത്തുവരെ തന്റെ കണ്ടവെട്ടത്തുണ്ടായിട്ടും അവന്‍ സ്വപ്‌നം മാത്രം പൂവണിഞ്ഞില്ല.

ഇന്ന്‌ അവന്‍ തന്റെ ലോകത്തിരുന്ന്‌ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ചിലതില്‍ അവന്റെ പേരും അച്ചടി മഴിപുരണ്ടുണങ്ങിവരാറുണ്ട്‌. കൂട്ടിന്‌ ഇന്നു വരെ ആരെയും കിട്ടാത്തവന്റെ ദുഖം ഉള്ളവനോട്‌ പറഞ്ഞാല്‍ മനസിലാവില്ലല്ലോ.....
ഇന്നും അവള്‍ എവിടെയോ ഉണ്ട്‌ എന്ന വിശ്വാസം മാത്രം. അവള്‍ ഇന്ന്‌ ഒരു ഭാര്യയാണോ.... അവള്‍ അമ്മയായോ.....
ഒന്നും അറിയില്ല. എങ്കിലും പ്രീയപ്പെട്ട്‌ ഷെറിന്‌ ഒരായിരം പനിനീര്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു. നിന്റെ സ്വസ്ഥ ജീവിതത്തെ ശല്ല്യം ചെയ്‌തതില്‍ ക്ഷമചോദിക്കുന്നു.....
നിന്നെക്കുറിച്ച്‌ ഓര്‍മ്മിച്ച നിമിഷത്തെ ഹൃദയത്തോട്‌ ചേര്‍ത്തുകോണ്ട്‌ ഞാന്‍ കര്‍ട്ടനുപിന്നിലേക്ക്‌ മറയട്ടേ........

എന്ന്‌

കാതങ്ങള്‍ക്കോ, ഒരു ചുവരിനോ അപ്പുറത്തോനിന്ന്‌
നിന്നെ മനസില്‍ പ്രതിഷ്‌ഠിച്ച ആ പഴയ നാലാം ക്ലാസുകാരന്‍............