Saturday, October 17, 2009

വിശുദ്ധ പ്രണയം


ഹൃദയ തുടിപ്പിലും
വിണ്ടുണങ്ങിയ ചിന്താശകലത്തിലും
കുളിരേകും നിന്‍ സാമീപ്യത്തിനായെന്‍
മാംസം വിറകൊള്ളുന്നു

ഇതെന്‍ ആത്മദാഹം
ഇനിക്കുറിക്കുന്നതോയെന്‍ സ്വപ്‌നങ്ങളും....



സീന്‍ ഒന്ന്‌......

ഏഴു വയസ്‌ തോന്നിക്കുന്ന ആണ്‍കുട്ടി. മെല്ലിച്ച ശരീരം. അത്യാവശ്യം ഉയരമുണ്ട, നിക്കറും ഷര്‍ട്ടുമാണ്‌ വേഷം. മുഖത്ത്‌ ഓമനത്തം തുടിക്കുന്നുണ്ട. ഒറ്റനോട്ടത്തില്‍ തെറ്റ്‌ പറയില്ലാത്തപ്രകൃതം.തോളില്‍ പഴയമോഡല്‍ വള്ളിക്കിറ്റ്‌. കൈയില്‍ നിറം മങ്ങിത്തുടങ്ങിയ കറുത്ത നീളന്‍ കുട. മെറ്റല്‍ പാകിയ വഴിയിലൂടെ നടന്നുനീങ്ങുന്ന അവന്റെ നേരെ ഏങ്ങിയും വലിഞ്ഞു കയറിവരുന്ന മൂക്ക്‌ തള്ളിയ പഴയമോഡല്‍ ലോറി. കച്ചിനിറച്ച ലോറിയില്‍ നിന്ന്‌ ക്ലീനര്‍ തല പുറത്തിട്ട്‌ വഴിയോരത്തുകൂടെ നടക്കുന്ന അവനോട്‌ തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ ആക്രോശിച്ചു.
'ടേയ്‌..... എങ്കെ നോക്കിയാടാ നടക്കുന്നത്‌. അറവുകെട്ട മുണ്ടമേ......' അതിന്‌ അകമ്പടിയെന്ന വണ്ണം നീലത്തിലോരു തെറിയും.

റോഡിന്റെ വശത്തേക്ക്‌ ചാടിയ അവന്‍ തലകുനിച്ച്‌ നടന്നുനീങ്ങി. ലോറിയെ കടന്നതും തിരിഞ്ഞുനിന്ന്‌ മുഖം കോട്ടി കോക്കിറികാണിച്ച്‌ കല്ലുകള്‍ എഴുന്നിനില്‍ക്കുന്ന പൊടികൊണ്ട്‌ അലങ്കൃതമായ വഴിയിലൂടെ വേഗത്തില്‍ ഓടി. കൈയില്‍ ഊരിപ്പിടിച്ച ചെരുപ്പുമായാണ്‌ അവന്റെ ജീവന്‍ കൈപിടിച്ചുള്ള ആ ഓട്ടം.

സീന്‍ രണ്ട്‌.....


കൈയില്‍ ഊരിപിടിച്ച ചെരുപ്പുമായി അവന്‍ വന്നുകയറുന്നത്‌ ടാറിട്ട റോഡിലേക്കാണ്‌. പതുക്കെ നടന്നനീങ്ങുന്ന അവന്‍ ഇടക്കിടക്ക്‌ തിരിഞ്ഞുനോക്കുന്നുണ്ട്‌. ഇരുവശങ്ങളും പച്ചപ്പാര്‍ന്ന വയലുകളാല്‍ അനുഗൃഹീതമായ റോഡിലൂടെ അവന്‍ നടന്നുനില്‍ക്കുന്നത്‌ വയലിനുള്ളില്‍ ഉള്ള ഒരു വീടിന്റെ മുന്നിലാണ്‌. അവനെ കണ്ടയുടനേ മുറ്റത്തുനില്‍ക്കുവായിരുന്ന അവന്റെ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ഓടിയെത്തുന്നു.
നീയെന്താടാ താമസിച്ചെ ഷൈനേ..........
ചുമ്മ. അവന്‍ തോള്‍ കുലുക്കി.
അനു ഞാന്‍ വരില്ലെന്നുകരുതിയോ.
എട മണ്ടാ..... ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ.
ങൂഹും. ഞാന്‍ പിണങ്ങി ഇനി മിണ്ടൂല.
മുഖം വീര്‍പ്പിച്ച്‌ അല്‍പം വേഗത്തില്‍ നടന്നുതുടങ്ങിയ ഷൈന്റെയൊപ്പം അവള്‍ ഓടിയെത്തി. ഇരുവരും ഒന്നു ഉരിയാടാതെ നടന്നുനീങ്ങി. ഇടക്കിടയ്‌ക്ക്‌ അവളെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ടായിരുന്നു അവന്‍. എന്നാല്‍ അവള്‍ അതു ശ്രദ്ധിച്ചതേയില്ല.

സീന്‍ മൂന്ന്‌


ചോറുണ്ണാനുള്ള തിരക്കിലാണ്‌ സ്‌കൂളിലെ കുട്ടികളെല്ലാം. അവരില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ ഒരു കോണില്‍ അനു നില്‍ക്കുന്നു. കൈയില്‍ ചോറ്റുപാത്രവുമായി നില്‍ക്കുന്ന അവളുടെ അടുക്കലേക്ക്‌ തലതാഴ്‌ത്തി ഷൈന്‍ നടന്നെത്തി.
നീ എന്നോട്‌ അങ്ങനെ ചോദിച്ചതുകൊണ്ടല്ലേ....
മുഖം വീര്‍പ്പിച്ചിരുന്ന അവളുടെ ഇളം കവിളുകളിലൂടെ കണ്ണുനീര്‍ തുള്ളി മെല്ലെ തഴുകിയിറങ്ങി.
ഇനിപിണങ്ങില്ല. പോരേ....
അവളുടെ മുഖത്ത്‌ ചെറുപ്രകാശം മിന്നി. കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ അവനോട്‌ ചേര്‍ന്നുനിന്നു. അവന്റെയും കണ്ണുകളില്‍ നീരുറവ പൊടിഞ്ഞപ്പോള്‍ അവര്‍ പരസ്‌പം കെട്ടിപ്പിടിച്ച്‌ ആശ്വായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ഇത്‌ എന്റെ ജീവകഥയുടെ
ഒന്നാം ഖണ്‌ഢം.
വരാനിരിക്കുന്ന ഉള്‍പ്രണയത്തിന്റെ
ആദ്യാക്ഷരം.
കണ്ടുഞാന്‍ തിളങ്ങുന്ന വാല്‍ക്കണ്ണുകളെ.
കണ്ടില്ലൊരിക്കലെങ്കിലുമവയെന്ന മാടിവിളിക്കുന്നത്‌.
ഹാ! കഷ്ടം എന്നാണുനിന്‍ സ്വരമെങ്കില്‍
വേഴാമ്പലിന്‍ വിധിയാമെന്‍ മനസിനെ
ഞാനാശ്വസിപ്പിച്ചീടാം.

Thursday, October 8, 2009

ചരിത്രത്തില്‍ ഈ ദിനം


ചരിത്രത്തില്‍ ഈ ദിനം എന്നു നീകേട്ടിട്ടുണ്ടോ.. വീണ്ടും ഞാന്‍ എന്തെല്ലാമോ സംസാരിക്കുന്നുവെന്ന്‌ തോന്നുന്നുണ്ട്‌ അല്ലേ. അതേ അതിനാലാണ്‌ ഞാന്‍ കൂടുതല്‍ സമയവും മൗനം അവലംബിക്കുന്നത്‌... കൂട്ടുകാരുടെ ഇടയില്‍ ആയാല്‍പോലും... എന്തിനാണ്‌ വെറുതേ അപഹാസ്യനായിതീരുന്നത്‌.
ഞാന്‍ പറഞ്ഞുവന്നത്‌ വിട്ടുപോയി. എന്റെ ശൈലിയതാണ്‌. ശൈലി എന്നവാക്ക്‌ എന്നുമുതലാണ്‌ ചിരസഞ്ചാരിയായി കൂടിയതെന്ന്‌ അറിയില്ല.(ഈ കെട്ടിടത്തിനുള്ളില്‍ കയറിയതുമുതലാവും) അപ്പോള്‍ പറഞ്ഞു തുടങ്ങിയത്‌ നീയും വിട്ടുപോയിരിക്കും...എന്നാല്‍ എനിക്ക്‌ അതിന്‌ സാധിക്കില്ലല്ലോ... പറയുന്നത്‌ അഥവാ വരയ്‌ക്കുന്നത്‌ എന്റെ ചിത്രമാണല്ലോ. 'ചരിത്രത്തില്‍ ഈ ദിനം' അവിടെയാണ്‌ സംഭാഷണാരംഭം. 1985 സെപ്‌റ്റംബര്‍ 22 അന്നാണ്‌ ഈ എളിയവന്റെ ( സ്വപ്‌നം എത്തിപ്പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ ഗുളിയനുമായിതീരാം. എല്ലാം മൂന്നക്ഷര നാമക്കാരന്റെ കളികള്‍ അല്ലാതെന്തുപറയാന്‍) ജനനം. എന്റെ ജനനതിയതി ഇനിയങ്ങോട്ട്‌ ചരിത്രത്തില്‍ ഈ ദിനം എന്നെഴുതുന്നു. കാരം ജന്‍മനാ അക്കങ്ങള്‍ കൂട്ടിയെഴുതാനുള്ള എന്റെ മടിതന്നെ. അപ്പോള്‍ ചരിത്രത്തില്‍ അന്നാണ്‌ ചിത്രമെഴുത്തുകാരന്റെ മകനായി ഞാന്‍ ജനിച്ചത്‌. വര്‍ണ്ണങ്ങളുടെ ലോകത്തുനിന്ന്‌ വര്‍ണ്ണാഭമായ കലാലയത്തിലെത്തുന്നതിനിടയില്‍ ഒടുപാട്‌ അലഞ്ഞു. ശാരീരികമായല്ല.... മാനസികമായി..... എന്നിട്ടോ ചിന്തകള്‍ കാടുകയറുമ്പോള്‍ ഭയപ്പാടോടെ എടുത്തുചാടും. ചിലപ്പോള്‍ വലിയ കെട്ടിട മുകളില്‍ നിന്ന്‌ അല്ലെങ്കില്‍ ശൂന്യാകാശം, വിമാനം, ട്രെയിന്‍ അങ്ങനെ ചിന്തയെത്തിനില്‍ക്കുന്ന ഉത്തുംഗശൃംഗങ്ങളില്‍ നിന്ന്‌.... വിയര്‍ത്തുകുളിച്ച്‌ കണ്ണുകളാല്‍ പുറം ലോകത്തെ ആശ്ലേഷിക്കുമ്പോഴാണ്‌ ശ്വാസം നേരെ വീഴുന്നത്‌.... ചിന്താമണ്‌ഢലത്തില്‍ ചിലപ്പോള്‍ പൊരുതുക ദൈവവുമായാരിക്കും അല്ലെങ്കില്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ .... അത്‌ അങ്ങനെ വളര്‍ന്ന്‌ ഭീകര രൂപം പ്രാപിച്ച്‌ വ്യാളികണക്കേ ചുറ്റിവരിയുന്ന നിമിഷം .... ഹോ... ഓര്‍ക്കാന്‍കൂടെ ഇപ്പോള്‍ ഭയമാണ്‌.രക്ഷപെടാനുള്ള തത്രപ്പാടാല്‍ എടുത്തുചാടുകതന്നെ. ഇല്ലെങ്കില്‍ എന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയാലോ... ഭ്രാന്തം അല്ലേ... അതേ എന്നും നീയെന്റെ വാക്കുകളെ ഈ വാക്കുകൊണ്ട്‌ ഖണ്‌ഢിച്ചിട്ടേയുള്ളു. ഒരിക്കലും നീയെന്റെ ഒപ്പമിരുന്ന്‌ എന്റെ സ്വപ്‌നങ്ങളില്‍ പങ്കുചേര്‍ന്നിട്ടില്ല.
നിര്‍ത്തി.അതുപോയി തുലയട്ടേ......................... ഞാന്‍ ശ്രദ്ധയോടെ അവള്‍ക്കുസമീപം തന്നെ ഇരുന്നു. കോളേജ്‌ വഴിയരികിലെ റബ്ബര്‍ മരങ്ങളുടെ തളിരിലകള്‍ എന്നെ വീണ്ടും ഭ്രാന്തനാക്കി. റബ്ബര്‍ പൂവിന്റെ മദക ഗന്ധം എന്റെ ബുദ്ധിയെ മത്തുപിടിപ്പിച്ചു. ഞാന്‍ വീണ്ടും റബ്ബര്‍ മരങ്ങളുടെ ചില്ലകളെയും കടന്ന്‌ പറന്നുയര്‍ന്നു. കൂട്ടായി കുട്ടിക്കാലത്തെ ജീവിതാന്തരാക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഒായിലിന്റെയും ജലഛായത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. അങ്ങലെ ചിരിത്രത്തില്‍ ഈ ദിനം കൂടെ കൊഴിഞ്ഞു ഒപ്പം എന്റെ പ്രണയിനിയും... തളിര്‍ പച്ച നിറത്തില്‍ മുക്കിയെടുത്ത ക്യാന്‍വാസില്‍ മഞ്ഞ നിറം കൊണ്ട്‌ നെടുകേയും കുറുകേയും രണ്ടുമൂന്ന്‌ വരകള്‍. മാറിനിന്ന്‌ വീക്ഷിച്ചപ്പോള്‍ മസസ്സുനിറഞ്ഞു. ഡാവിഞ്ചി, മൈക്കള്‍ ആഞ്ചലോ, രവി വര്‍മ്മ, പിക്കാസോ, ഒടുവില്‍ എം എഫ്‌ ഹുസൈന്‍.....അങ്ങനെ.... അങ്ങനെ.... ചിത്രകലയിലെ എല്ലാവരും എന്റെ അടുത്തേയ്‌ക്ക്‌ നടന്നടുത്തു...... എല്ലാവരും ഒരുമിച്ച്‌ എന്റെ നേര്‍ക്ക്‌ പൂച്ചണ്ടുകള്‍ നീട്ടി.... ഇനി നീ പറയു ഞാന്‍ ആരുടെ പക്കല്‍ നിന്ന്‌ ആദ്യം പൂച്ചെണ്ട്‌ വാങ്ങും...

Wednesday, October 7, 2009

പുകച്ചുരുളുകള്‍

എത്ര നാളായി അല്ലേ.. ഇതാണ്‌ എന്റെ കുഴപ്പം എല്ലാം കീഴടക്കണമെന്ന്‌ തോന്നും പക്ഷേ ഒന്നും മുഴുപ്പിക്കില്ല. ഇപ്പോള്‍ നിനക്ക്‌ തോന്നും ഞാന്‍ എന്താണ്‌ പറഞ്ഞുവരുന്നതെന്ന്‌.. അതേ ഞാന്‍ പറയുന്നത്‌ അന്നും ഇന്നും നിനക്ക്‌ മനസിലാവില്ലായിരുന്നല്ലോ..
എന്റെ പ്രിയ സ്‌നേഹിതേ... ഒടുവില്‍ നിന്നെ കണ്ടതെന്നാണെന്ന്‌ നീ ഓര്‍മിക്കുന്നുവോ...
ഇല്ല അല്ലേ... എങ്കില്‍ നീ തലപുകയ്‌ക്കണമെന്നില്ല. വെറുതേ ചോദിച്ചന്നു മാത്രം..
അല്ല. നീയാണ്‌ ശരി. എന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഞാന്‍ ആരാണ്‌. ബ്രഹ്മാണ്‌ഢമണ്ടലകോണിലൂടെ നോക്കുമ്പോള്‍ ഞാന്‍ വെറും അശു. എന്തെല്ലാമോ ആകണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ പടച്ചട്ടയും പടക്കോപ്പുമില്ലാതെ യുദ്ധത്തിന്‌ ഇറങ്ങിത്തിരിച്ചവന്‍. കൂടെ ഉണ്ടായിരുന്നത്‌ ഒരുപിടി വര്‍ണ്ണാഭമായ സ്വപ്‌നങ്ങള്‍ മാത്രം എന്നിട്ട്‌ വന്നെത്തിനില്‍ക്കുന്നതോ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട, നിലവില്‍ എന്നെപ്പോലെ അശുവായ ഒരു പ്രസ്ഥാനത്തില്‍. അശുവെന്ന്‌ പറഞ്ഞത്‌ എന്റെ അവസ്ഥമൂലമാണ്‌ കെട്ടോ. കാരണം പട്ടിണി എന്ന വാക്ക്‌ താന്‍ കേള്‍ക്കാതിരിക്കില്ല. എന്നാല്‍ അനുഭവത്തില്‍ വന്നിട്ടുണ്ടോ എന്ന്‌ എനിക്ക്‌ അറിയില്ല. കാരണം അതറിയാന്‍ ഞാന്‍ ജോതിഷത്തില്‍ അവഗാഹമുള്ളവനല്ല.
അല്ല ഉണ്ടായിരുന്നെങ്കില്‍ എന്നുഞാന്‍ ആഗ്രഹിച്ചുപോകുന്നു. എന്താണെന്ന്‌ നിനക്ക്‌ പിടികിട്ടിയെന്നുകരതാനും പറ്റില്ലല്ലോ.
അഥവാ എനിക്കറിയാമായിരുന്നെങ്കില്‍ എനിക്ക്‌ ഈ ഗതി വരില്ലായിരുന്നല്ലോ. ഊതിവിടുന്ന ഓരോ പുകച്ചുരുളിലും നോക്കി ഞാന്‍ നെടുവീര്‍പ്പെടാറുണ്ട്‌. ഞാനും ഇതുപോലെ അലിഞ്ഞ്‌ ഇല്ലാതായെങ്കില്‍ എന്ന്‌... അവനെപ്പോലെ ഒരാള്‍ക്കെങ്കിലും അല്‌പം ആശ്വാസം പകര്‍ന്ന്‌ ഈ ഭൂഗോളത്തിന്റെ ഏതോ കോണിലേക്ക്‌... അങ്ങനെ ... അങ്ങനെ... എന്തുരസമായിരിക്കും അല്ലേ.
അതിന്‌ നീയും ഞാനും തുല്യ ദുംഖിതാരെങ്കിലോ എന്ന്‌ എനിക്ക്‌ അറിയില്ല. കാരണം ഞാനെരു ജ്യോത്സനല്ലല്ലോ.