Saturday, October 17, 2009

വിശുദ്ധ പ്രണയം


ഹൃദയ തുടിപ്പിലും
വിണ്ടുണങ്ങിയ ചിന്താശകലത്തിലും
കുളിരേകും നിന്‍ സാമീപ്യത്തിനായെന്‍
മാംസം വിറകൊള്ളുന്നു

ഇതെന്‍ ആത്മദാഹം
ഇനിക്കുറിക്കുന്നതോയെന്‍ സ്വപ്‌നങ്ങളും....



സീന്‍ ഒന്ന്‌......

ഏഴു വയസ്‌ തോന്നിക്കുന്ന ആണ്‍കുട്ടി. മെല്ലിച്ച ശരീരം. അത്യാവശ്യം ഉയരമുണ്ട, നിക്കറും ഷര്‍ട്ടുമാണ്‌ വേഷം. മുഖത്ത്‌ ഓമനത്തം തുടിക്കുന്നുണ്ട. ഒറ്റനോട്ടത്തില്‍ തെറ്റ്‌ പറയില്ലാത്തപ്രകൃതം.തോളില്‍ പഴയമോഡല്‍ വള്ളിക്കിറ്റ്‌. കൈയില്‍ നിറം മങ്ങിത്തുടങ്ങിയ കറുത്ത നീളന്‍ കുട. മെറ്റല്‍ പാകിയ വഴിയിലൂടെ നടന്നുനീങ്ങുന്ന അവന്റെ നേരെ ഏങ്ങിയും വലിഞ്ഞു കയറിവരുന്ന മൂക്ക്‌ തള്ളിയ പഴയമോഡല്‍ ലോറി. കച്ചിനിറച്ച ലോറിയില്‍ നിന്ന്‌ ക്ലീനര്‍ തല പുറത്തിട്ട്‌ വഴിയോരത്തുകൂടെ നടക്കുന്ന അവനോട്‌ തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ ആക്രോശിച്ചു.
'ടേയ്‌..... എങ്കെ നോക്കിയാടാ നടക്കുന്നത്‌. അറവുകെട്ട മുണ്ടമേ......' അതിന്‌ അകമ്പടിയെന്ന വണ്ണം നീലത്തിലോരു തെറിയും.

റോഡിന്റെ വശത്തേക്ക്‌ ചാടിയ അവന്‍ തലകുനിച്ച്‌ നടന്നുനീങ്ങി. ലോറിയെ കടന്നതും തിരിഞ്ഞുനിന്ന്‌ മുഖം കോട്ടി കോക്കിറികാണിച്ച്‌ കല്ലുകള്‍ എഴുന്നിനില്‍ക്കുന്ന പൊടികൊണ്ട്‌ അലങ്കൃതമായ വഴിയിലൂടെ വേഗത്തില്‍ ഓടി. കൈയില്‍ ഊരിപ്പിടിച്ച ചെരുപ്പുമായാണ്‌ അവന്റെ ജീവന്‍ കൈപിടിച്ചുള്ള ആ ഓട്ടം.

സീന്‍ രണ്ട്‌.....


കൈയില്‍ ഊരിപിടിച്ച ചെരുപ്പുമായി അവന്‍ വന്നുകയറുന്നത്‌ ടാറിട്ട റോഡിലേക്കാണ്‌. പതുക്കെ നടന്നനീങ്ങുന്ന അവന്‍ ഇടക്കിടക്ക്‌ തിരിഞ്ഞുനോക്കുന്നുണ്ട്‌. ഇരുവശങ്ങളും പച്ചപ്പാര്‍ന്ന വയലുകളാല്‍ അനുഗൃഹീതമായ റോഡിലൂടെ അവന്‍ നടന്നുനില്‍ക്കുന്നത്‌ വയലിനുള്ളില്‍ ഉള്ള ഒരു വീടിന്റെ മുന്നിലാണ്‌. അവനെ കണ്ടയുടനേ മുറ്റത്തുനില്‍ക്കുവായിരുന്ന അവന്റെ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി ഓടിയെത്തുന്നു.
നീയെന്താടാ താമസിച്ചെ ഷൈനേ..........
ചുമ്മ. അവന്‍ തോള്‍ കുലുക്കി.
അനു ഞാന്‍ വരില്ലെന്നുകരുതിയോ.
എട മണ്ടാ..... ഞാന്‍ ചുമ്മാ ചോദിച്ചതല്ലേ.
ങൂഹും. ഞാന്‍ പിണങ്ങി ഇനി മിണ്ടൂല.
മുഖം വീര്‍പ്പിച്ച്‌ അല്‍പം വേഗത്തില്‍ നടന്നുതുടങ്ങിയ ഷൈന്റെയൊപ്പം അവള്‍ ഓടിയെത്തി. ഇരുവരും ഒന്നു ഉരിയാടാതെ നടന്നുനീങ്ങി. ഇടക്കിടയ്‌ക്ക്‌ അവളെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ടായിരുന്നു അവന്‍. എന്നാല്‍ അവള്‍ അതു ശ്രദ്ധിച്ചതേയില്ല.

സീന്‍ മൂന്ന്‌


ചോറുണ്ണാനുള്ള തിരക്കിലാണ്‌ സ്‌കൂളിലെ കുട്ടികളെല്ലാം. അവരില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ ഒരു കോണില്‍ അനു നില്‍ക്കുന്നു. കൈയില്‍ ചോറ്റുപാത്രവുമായി നില്‍ക്കുന്ന അവളുടെ അടുക്കലേക്ക്‌ തലതാഴ്‌ത്തി ഷൈന്‍ നടന്നെത്തി.
നീ എന്നോട്‌ അങ്ങനെ ചോദിച്ചതുകൊണ്ടല്ലേ....
മുഖം വീര്‍പ്പിച്ചിരുന്ന അവളുടെ ഇളം കവിളുകളിലൂടെ കണ്ണുനീര്‍ തുള്ളി മെല്ലെ തഴുകിയിറങ്ങി.
ഇനിപിണങ്ങില്ല. പോരേ....
അവളുടെ മുഖത്ത്‌ ചെറുപ്രകാശം മിന്നി. കണ്ണുതുടച്ചുകൊണ്ട്‌ അവള്‍ അവനോട്‌ ചേര്‍ന്നുനിന്നു. അവന്റെയും കണ്ണുകളില്‍ നീരുറവ പൊടിഞ്ഞപ്പോള്‍ അവര്‍ പരസ്‌പം കെട്ടിപ്പിടിച്ച്‌ ആശ്വായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു.

ഇത്‌ എന്റെ ജീവകഥയുടെ
ഒന്നാം ഖണ്‌ഢം.
വരാനിരിക്കുന്ന ഉള്‍പ്രണയത്തിന്റെ
ആദ്യാക്ഷരം.
കണ്ടുഞാന്‍ തിളങ്ങുന്ന വാല്‍ക്കണ്ണുകളെ.
കണ്ടില്ലൊരിക്കലെങ്കിലുമവയെന്ന മാടിവിളിക്കുന്നത്‌.
ഹാ! കഷ്ടം എന്നാണുനിന്‍ സ്വരമെങ്കില്‍
വേഴാമ്പലിന്‍ വിധിയാമെന്‍ മനസിനെ
ഞാനാശ്വസിപ്പിച്ചീടാം.

No comments:

Post a Comment